ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഭാരതപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചേലക്കര, ഒറ്റപ്പാലം, പഴയന്നൂർ, ഷൊർണൂർ എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ. കേരളത്തിലെ അപൂർവ ശ്രീരാമ ക്ഷേത്രങ്ങളിൽ ഒന്നായ വില്വാദ്രിനാഥ ക്ഷേത്രം തിരുവില്വാമലയിലാണ്. ശ്രീരാമനാണെന്ന് ആളുകൾ വിശ്വസിക്കുന്നുണ്ടെങ്കിലും, അത് വിഷ്ണുവിന്റേതാണ്. ശ്രീരാമന്റെ ഇളയ സഹോദരനായ ലക്ഷ്മണന് ക്ഷേത്രത്തിനുള്ളിൽ മറ്റൊരു ക്ഷേത്രമുണ്ട്. രണ്ട് സഹോദരന്മാർക്കും ഇവിടെ തുല്യ പ്രാധാന്യമുണ്ട്. ഗണേശൻ, ഹനുമാൻ, ശിവൻ, പാർവതി, അയ്യപ്പൻ, സർപ്പ ദേവതകൾ എന്നിവരുടെ ഉപക്ഷേത്രങ്ങളുണ്ട്. ഏകാദശിയും നിരാമലയും ഉത്സവ പരിപാടികളാണ്. കാവുകളും കാവുകളെ ചുറ്റിപ്പറ്റിയുള്ള തറക്കൂട്ടങ്ങളും നിലനിന്നിരുന്ന പുരാതനകാലഘട്ടത്തിലെ ക്ഷേത്രസങ്കേതങ്ങളിലൊന്നായിരുന്നു തിരുവല്വാമല ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന ഈ പ്രദേശം. കേരളചരിത്രം പരിശോധിച്ചാല്‍ പ്രാചീനറിപ്പബ്ളിക് സംവിധാനം ക്ഷേത്രപരിസരങ്ങളെ കേന്ദ്രീകരിച്ച് അങ്ങിങ്ങ് നിലനിന്നിരുന്നതായി കാണാം. അതായത് തറക്കൂട്ടംയോഗങ്ങളില്‍ ഗ്രാമവാസികള്‍ തന്നെ ഒരു ഭരണാധികാരിയെ തെരഞ്ഞെടുക്കുകയും, പ്രദേശഭരണം അയാളില്‍ നിക്ഷിപ്തമാവുകയും ചെയ്തിരുന്ന കാലം നിലനിന്നതായി ചരിത്രം പറയുന്നു. തിരുവില്വാമല അത്തരത്തില്‍ ഒരു പ്രദേശമായിരുന്നു. തിരുവില്വാമല എന്ന സ്ഥലനാമത്തിനു പിന്നില്‍ പല ഐതിഹ്യങ്ങളും നിലനില്‍ക്കുന്നുണട്. സ്ഥലനാമഗവേഷകര്‍, വിണ്ട വായുള്ള മല- വിള്‍വായ്മല- വില്വാമല എന്നല്ലാം ഈ ദേശനാമത്തെ വിശദീകരിക്കാന്‍ ശ്രമിച്ചതായി കാണാം. തിരുവില്വാമല മഹാക്ഷേത്രത്തിനു താഴെ ഒരു ഗുഹയുണ്ടെന്നും ആ ഗുഹയില്‍ പൊന്നിന്‍ വില്വ(കൂവളം)മുണ്ടെന്നും പ്രദേശവാസികള്‍ ഇന്നും പ്രബലമായി വിശ്വസിക്കുന്നതിനാല്‍ ഈ വില്വത്തെയും അമലത്വത്തെയും മാറ്റിനിര്‍ത്തി തിരുവില്വാമലയെന്ന സ്ഥലനാമത്തെ വിശദീകരിക്കുക പ്രയാസമാണ്.നാലുപുറത്തുള്ള പെരിങ്ങോട്ടുക്കുറിശ്ശിതോട്, പഴമ്പാലക്കോടുതോട്, ചീരക്കുഴിപ്പുഴ, ഭാരതപ്പുഴ ഇവയിലുടെ ഈ പ്രദേശത്തേക്ക് തോണിസൌകര്യം കുറവായിരുന്നതിനാല്‍ പുറംലോകവുമായി സമ്പര്‍ക്കം വളരെ കുറവായിരുന്നു. ഗ്രാമത്തിലേക്കുള്ള മുഖ്യകവാടമായ രാമവര്‍മ്മപാലത്തില്‍കൂടി പണ്ട് കൊച്ചിരാജാവ് തിരുവില്വാമലയിലേക്ക് പരിവാരങ്ങളുമായി എഴുന്നള്ളിയിരുന്നത്രെ. ചീരക്കുഴിപ്പുഴ മുറിച്ചുകടന്ന് എഴുന്നള്ളത്തു യാത്ര കടന്നുവന്നിരുന്ന ഇവിടുത്തെ കടവിന് എഴുന്നള്ളത്തുകടവെന്നും നടന്നുവന്ന പാതയ്ക്ക് എഴുന്നള്ളത്തുപാതയെന്നും പില്‍ക്കാലത്ത് വിളിക്കപ്പെട്ടു. കൊച്ചി ആസ്ഥാനമായുണ്ടായിരുന്ന നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു പണ്ടുകാലത്ത് തിരുവില്വാമല. ജനപ്രതിനിധിസഭയുടെ ആരംഭകാലത്തുതന്നെ തിരുവില്വാമലയില്‍ നിന്നുള്ളവര്‍ കൊച്ചിരാജ്യത്തെ ഭരണരംഗത്ത് ഉണ്ടായിരുന്നതിന്റെ ഗുണങ്ങള്‍ ഈ പ്രദേശത്തിന് ലഭിച്ചിട്ടുണ്ട്. സാമുഹ്യഘടന നോക്കിയാല്‍, പ്രാകൃതമായ ഭൂവുടമാസമ്പ്രദായമാണ് ഇവിടെയുണ്ടായിരുന്നതെന്ന് കാണാം. കൃഷിയെ ആശ്രയിച്ചുകഴിഞ്ഞിരുന്ന മഹാഭൂരിപക്ഷം ജനങ്ങളും പട്ടിണിയിലും ദുരിതത്തിലുമായിരുന്നു. നാണ്യവിളകള്‍ നാമമാത്രമായേ കൃഷി ചെയ്തിരുന്നുള്ളൂ. ഭൂസ്വത്തിന്റെ 90 ശതമാനവും വിരലിലെണ്ണാവുന്ന ജന്മികുടുംബങ്ങളുടെ കൈവശമായിരുന്നു. അമിതപാട്ടവും കുറഞ്ഞ കൂലിയും നിലനിന്നുപോന്നു. ദാരിദ്യ്രവും രോഗങ്ങളും ജനങ്ങളെ വല്ലാതെ കഷ്ടപ്പെടുത്തിയിരുന്നു. അധ്വാനവര്‍ഗ്ഗത്തെ അയിത്ത ജാതിക്കാരെന്ന പേരില്‍ അകറ്റിനിര്‍ത്തിയിരുന്നു. ജന്മികള്‍, കീഴ്ജാതിസ്ത്രീകളെ മാറുമറയ്ക്കാന്‍ പോലും സമ്മതിച്ചിരുന്നില്ല. തൊഴിലാളികളെ മൃഗങ്ങളെപോലെ മര്‍ദ്ദിച്ചിരുന്നു. അടിമത്തത്തിന്റെ കരാളഹസ്തങ്ങളില്‍പ്പെട്ടു ദുരിതമനുഭവിച്ച തൊഴിലാളികളും അവരെ ഉഴവുമൃഗങ്ങളേപ്പോലെ കൈകാര്യം ചെയ്തിരുന്ന ഭൂവുടമകളും ഒരു കാലത്ത് ഇവിടെ ജീവിച്ചിരുന്നു. കുടിയൊഴിപ്പിക്കലും തൊഴില്‍നിഷേധവും 1950-തിനുശേഷവും ഇവിടെ നടന്നിട്ടുള്ളതായി കാണാം. ജാതീയമായ ഉച്ഛനീചത്വം പാടെ തുടച്ചുനീക്കാന്‍ കഴിഞ്ഞിട്ടില്ല. സാര്‍വ്വത്രികവിദ്യാഭ്യാസവും ഭൂപരിഷ്കരണനിയമവും ഭൂവുടമാസമ്പ്രദായത്തിന്റെ അന്ത്യം കുറിച്ചു. നാണ്യവിളകളുടെ വര്‍ദ്ധനവും അസംഘടിതമേഖലയിലെ തൊഴിലാളികളുടെ കൂലിവര്‍ദ്ധനവും ഇവിടെയും പുരോഗതിയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞനൂറ്റാണ്ടിന്റെ പ്രാരംഭദശയില്‍ 30 ഓളം പേരുടെ മാത്രം കൈവശമായിരുന്നു ഭൂരിഭാഗം കൃഷിഭൂമിയും. നെല്ല്, തെങ്ങ്, കവുങ്ങ് ഇവ മാത്രമായിരുന്നു പ്രധാനവിളകള്‍. കാലാവസ്ഥയെ മാത്രം ആശ്രയിച്ചുകൊണ്ടായിരുന്നു കാര്‍ഷികവൃത്തി നടത്തിവന്നിരുന്നത്. നാടുവാഴിത്ത ജന്മിത്ത ഭൂപ്രഭുത്വങ്ങളുടെ നട്ടൊല്ലൊടിച്ച ഭൂപരിഷ്കരണനിയമങ്ങളോടെ തിരുവില്വാമലയിലും കാര്‍ഷിക രംഗത്ത് വളരെയധികം മാറ്റങ്ങളുണ്ടായി. വിരലിലെണ്ണാവുന്ന ജന്മിമാരുടെ കൈവശത്തിലായിരുന്ന കൃഷിഭൂമി മുഴുവന്‍ സാധാരണക്കാരായ കര്‍ഷകരുടെ കൈകളിലെത്തി. സാധാരണക്കാരന്റെ കൈകളില്‍ കൃഷിഭൂമി എത്തിയതോടുകൂടി ഗ്രാമീണജനതയുടെ നിത്യദാരിദ്ര്യത്തിന് അറുതി വന്നുതുടങ്ങി. പഞ്ചായത്തിന്റെ രാജപാത എന്നറിയപ്പെടുന്നത് ചീരക്കുഴി മുതല്‍ പാമ്പാടി വരെയുള്ള റോഡാണ്. അതിനും മുന്‍പ് ആലത്തൂര്‍ താലൂക്കിലെ വിവിധഭാഗങ്ങളിലുള്ള കുടിയാന്‍മാരില്‍ നിന്ന് പാട്ടനെല്ല് കൊണ്ടുവരുന്നതിനായി ഉപയോഗിച്ചിരുന്ന നടുവത്തപ്പാറ, മലേശമംഗലം വഴി നെല്ലിക്കുന്ന് സ്ക്കൂളിന് വടക്കുവശത്തൂടെ പുനര്‍ജനിക്ക് തെക്കുവശം വില്വാമലയുടെ തെക്കേ താഴ്വര വഴി ക്ഷേത്രത്തിന് കിഴക്കുവശം എത്തിച്ചേര്‍ന്നിരുന്ന ഒരു പാത നിലവിലുണ്ടായിരുന്നു. ആ പഴയ പാതയുടെ അവശിഷ്ടങ്ങള്‍ ഇന്നും ചില ഭാഗങ്ങളില്‍ കാണാവുന്നതാണ്. ചരിത്രപ്രധാനമായ മറ്റൊരു പാത കൊച്ചി രാജാവിന്റെ ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതാണ് എഴുന്നള്ളത്തുപാത എന്ന പേരില്‍ അറിയപ്പെടുന്നത്. 1927-ല്‍ ചീരക്കുഴിപുഴയ്ക്ക് കുറുകെ പാലം വന്നതോടെ, ഗതാഗതസൌകര്യത്തില്‍ വലിയൊരു വ്യതിയാനം ഗ്രാമത്തില്‍ ഉണ്ടായിട്ടുണ്ട്. ഭാരതപുഴയ്ക്ക് കുറുകെ 1975-ല്‍ പാലം വന്നതോടെ ഒറ്റപ്പാലവും മലബാറിന്റെ മറ്റുപ്രദേശങ്ങളുമായി ബന്ധപ്പെടുവാന്‍ കൂടുതല്‍ സൌകര്യം ഉണ്ടായി. തിരുവില്വാമല പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു എല്‍.പി.സ്കൂള്‍ സ്ഥാപിച്ചത് മലവട്ടം പടിഞ്ഞാറേ നടക്കടുത്താണ്. 1907-ല്‍ എം.ആര്‍.എന്‍.എം.എല്‍.പി സ്ക്കൂള്‍ എന്ന സ്വകാര്യവിദ്യാലയം പട്ടിപറമ്പില്‍ സ്ഥാപിതമായി. തിരുവില്വാമല പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന തിരുവില്വാമല ഹൈസ്ക്കൂള്‍ 1918-ല്‍ സ്ഥാപിതമായി. ഗ്രാമപഞ്ചായത്തിന്റെ വടക്കും, പടിഞ്ഞാറും, തെക്കും അതിര്‍ത്തിയില്‍ പുഴ ഒഴുകുന്നു. കിഴക്കന്‍ അതിര്‍ത്തി പാലക്കാട് ജില്ലയുടെ അതിര്‍ത്തിയായ പെരുങ്ങോട്ടുകുറിശ്ശി, തരൂര്‍ പഞ്ചായത്തുകളാണ്. ഇവിടെ മയില്‍വളര്‍ത്തുകേന്ദ്രമുണ്ട്. വടക്കന്‍ അതിര്‍ത്തിയില്‍കൂടി ഭാരതപ്പുഴ ഒഴുകുന്നു. തമിഴ്, കന്നട, ആന്ധ്ര ഉത്സവാഘോഷങ്ങളായ പൊങ്കലും, മാരിയമ്മന്‍ഉത്സവവും, ദീപാവലിയും ഇവിടെ കൊണ്ടാടപ്പെടുന്നു. തുണി നെയ്യുന്ന പരമ്പരാഗത നെയ്ത്തുതൊഴിലാളികളെയും ഇവിടെ കാണാം. തമിഴ്, കന്നട സംസ്ക്കാരങ്ങളെ ദ്യോതിപ്പിക്കുന്ന ക്ഷേത്രഗോപുരങ്ങള്‍ എഴുന്നുനില്‍ക്കുന്നതു ഇവിടുത്തെ സാധാരണകാഴ്ചയാണ്. തിരുവില്വാമല വില്ലേജ് ഉള്‍പ്പെടുന്ന ഭൂപ്രദേശം വടക്കുഭാഗം ഭാരതപ്പുഴയോടും തെക്കുഭാഗം ചീരക്കുഴിപ്പുഴയോടും ചെരിവുള്ള ഭൂപ്രദേശമാണ്. നീരൊഴുക്ക് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ആണ്. തീരസമതലം, ചെറുചരിവ്, കുത്തനെയുള്ള ചെരിവ്, മലനിരകള്‍, വനം, പീഠഭൂമി, പാറക്കെട്ടുകള്‍ എന്നിങ്ങനെ എല്ലാ ഭൂപ്രകൃതി സവിശേഷതകളും ഉള്ള ഗ്രാമമാണിത്. ഏറ്റവും ഉയര്‍ന്ന പ്രദേശം വില്വാമലയും, പുനര്‍ജ്ജനി ഉള്‍പെടുന്ന പ്രദേശവുമാണ്. ജന്മിത്വത്തിന്റെ ഉപോല്‍പ്പന്നമാണെങ്കില്‍ പോലും പഞ്ചവാദ്യം, തായമ്പക, ഇടയ്ക്ക എന്നീ വാദ്യകലകളുടെ ഈറ്റില്ലമാകുവാനുള്ള സൌഭാഗ്യം തിരുവില്വാമല പ്രദേശത്തിനു വന്നുചേര്‍ന്നിരുന്നു. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ ആദ്യകാലകവിതകള്‍ക്ക് കളമൊരുക്കിയ രാക്ഷസപ്പാറ ഇവിടുത്തെ മഹാക്ഷേത്രത്തിനു തൊട്ടടുത്താണ്. കുഞ്ചന്‍നമ്പ്യാര്‍ക്കും സഞ്ജയനും ശേഷം ആക്ഷേപഹാസ്യ സാഹിത്യരചനയില്‍ പ്രഗല്‍ഭനും ശ്രദ്ധേയനുമായ വി.കെ.എന്നിന് ജന്മം നല്‍കിയത് ഈ ഗ്രാമമാണ്.